ക്വീനിനെ തള്ളിക്കളയാൻ പറ്റില്ല
വേണമെങ്കിൽ ഉൾക്കൊണ്ടാൽ മതി ഇല്ലെങ്കിൽ തള്ളിക്കോയെന്ന മട്ടിലുള്ള ഭാവത്തിലാണ് "ക്വീൻ' എന്ന ചിത്രം അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. പുതുമകൾ കുറവാണെങ്കിലും എന്തോ ഒന്ന് ക്വീനിന്*റെ ചുറ്റും വലയം ചെയ്ത് നിൽപ്പുണ്ട്. അത് ചിലപ്പോൾ കാന്പസിന്*റെ മനസാവാം അല്ലെങ്കിൽ യുവാക്കളുടെ തിളപ്പാവാം. എന്തു തന്നെയായാലും ആ സംഗതിക്ക് ഒരു കാന്തിക ശക്തിയുണ്ട്. ക്ലീഷേകൾ വരിവരിയായി സ്ഥാനംപിടിക്കുന്നുണ്ടെങ്കിലും യുവാക്കളെ പിടിച്ചിരുത്താനുള്ള നുണുക്ക് വിദ്യകളെല്ലാം ചിത്രത്തിൽ സംവിധായകൻ നന്നായി പ്രയോഗിച്ചിട്ടുണ്ട്. ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല. മെക്ക് റാണിയുമായി എത്തിയ ചങ്ക്സിലെ ഉൗളത്തരങ്ങളേക്കാൾ എത്രയോ ഭേദമാണ് ക്വീൻ.
ചിത്രം കാന്പസിലേക്ക് ഇടിച്ചുകയറുന്പോഴും സാധാരണക്കാർക്കിടയിൽ കിതച്ചു നിൽക്കുന്നുണ്ട്. ക്ലീഷേകൾ കരകവിഞ്ഞൊഴുകിയത് തന്നെയാണ് അതിനുള്ള കാരണം. വെറുമൊരു കാന്പസ് ചിത്രമെന്നതിലുപരിയായി, ഇന്നു സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന, നടക്കാൻ പാടില്ലാത്ത കാര്യങ്ങളെ കാര്യകാരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടി ശാസിക്കാനും ക്വീൻ തയാറാകുന്നുണ്ട്. സ്ത്രീ പുരുഷന് ഒരു അവസരമല്ല, ഉത്തരവാദിത്വമാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ കാണിച്ച ചങ്കുറ്റത്തിന് ക്വീൻ ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ഒരു സസ്പെൻസ് ഉണ്ടെന്ന് ആദ്യമേ അറിയിച്ചുകൊണ്ടു തന്നെയാണ് ചിത്രത്തിന്*റെ തുടക്കം. പിന്നീട് പതിവ് കാന്പസ് സിനിമകളിലെ റാംഗിംഗും ഹോസ്റ്റൽ ലൈഫുമെല്ലാം കാട്ടി മുന്നോട്ടുപോകുന്നതിനിടെ മെക്കാനിക്കൽ എൻജിനിയറിംഗ് പഠിക്കാൻ ഒരു പെണ്*തരി എത്തുന്നതോടെ കാര്യങ്ങളാകെ മാറിമറിയും. ആഭാസത്തരങ്ങളോ ദ്വയാർഥ പ്രയോഗങ്ങളോ ഒന്നും തന്നെ കടത്തിവിടാതെ ആ പെണ്*കുട്ടിക്ക് സംവിധായകൻ സംരക്ഷണ കവചം ഒരുക്കുന്നുണ്ട്. അവിടെയാണ് ചങ്ക്സിൽ നിന്നും ക്വീൻ വ്യത്യസ്തയാകുന്നത്. കാന്പസിനിണങ്ങുംവിധമുള്ള പശ്ചാത്തല സംഗീതവും പാട്ടുകളും ചിത്രത്തിൽ കൂട്ടിയിണക്കിയിരിക്കുന്നത് ജെയ്ക്സ് ബിജോയിയാണ്.
ക്വീനിലെ കാന്പസിലും പതിവ് പഞ്ചാരയടിയും സീനിയേഴ്സ്-ജൂനിയേഴ്സ് സണ്ടയുമെല്ലാമുണ്ട്. അതൊക്കെ കാണുന്പോൾ 2007-ൽ പുറത്തിറങ്ങിയ "ഹാപ്പിഡെയ്സ്' എന്ന ചിത്രം ഓർത്തുപോകുക സ്വഭാവികം മാത്രം. ഡിജോ ജോസ് ആന്*റണിയുടെ ആദ്യ സംവിധാന സംരംഭമായതു കൊണ്ടുതന്നെ ആവശ്യത്തിലേറെ കല്ലുകടികൾ ചിത്രത്തിൽ കടന്നുകൂടിയിട്ടുണ്ട്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും എന്തിനെന്നറിയാതെ ഒരുപാട് രംഗങ്ങൾ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എവിടെ എങ്ങനെ രംഗങ്ങൾ ചേർത്തുവയ്ക്കണമെന്നുള്ള കണ്*ഫ്യൂഷൻ ചിത്രത്തിന്*റെ സുഗമമായ ഒഴുക്കിന് വിലങ്ങുതടിയാകുന്നുണ്ട്.
ധ്രുവൻ, സാനിയ, എൽദോ, അശ്വിൻ, അരുണ്* തുടങ്ങിയ പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. മെക്കിലെ പെണ്*തരിയായി എത്തിയ ചിന്നു (സാനിയ) വിന്*റെ പ്രകടനം ശരാശരിക്കും താഴെയായിപ്പോയത് ചിത്രത്തെ ശരിക്കും പിന്നോട്ടടിക്കുന്നുണ്ട്. ആദ്യപകുതിയിൽ മാത്രമേ ചിത്രം കോമഡിയുടെ ട്രാക്കിലോടുന്നുള്ളു. രണ്ടാം പകുതി തുടങ്ങുന്നതോടെ ചിത്രം സെന്*റിമെൻസിന്*റെ പിന്നാലെ പായാൻ തുടങ്ങും.
കോമഡി ട്രാക്കിൽ നിന്നും സെന്*റിമെൻസ് ട്രാക്കിലേക്കും അവിടെ നിന്നും സീരിയസ് ട്രാക്കിലേക്കും ചിത്രം തെന്നിമാറുന്നതിനിടെ എവിടെയോ വച്ച് ചിത്രത്തിന്*റെ ബാലൻസിംഗ് തെറ്റി. സ്ത്രീക്ക് നേരെയുള്ള ആക്രമണവും അതേത്തുടർന്നുള്ള നടപടികളുമെല്ലാം ചിത്രത്തിലേക്ക് കടന്നുവരുന്നതോടെ കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷാ കേസ് പ്രേക്ഷക മനസിൽ കടന്നുവരും. പക്ഷേ, ലക്കും ലഗാനുമില്ലാതെ ട്വിസ്റ്റുകൾ തിരുകിക്കയറ്റിയതോടെ ചിത്രം കെട്ടുപൊട്ടിയ പട്ടം പോലെ ലക്ഷ്യം തെറ്റി പാഞ്ഞുകൊണ്ടിരുന്നു.
ട്വിസ്റ്റുകളുടെ ഭാണ്ഡക്കെട്ടുകളിൽ നിന്ന് മോചനം തേടി തിരിച്ചെത്തിയപ്പോഴേക്കും കോടതിമുറി കേസ് വിസ്താരം കേൾക്കാൻ ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. നന്ദു, ശ്രീജിത്ത് രവി, സലിം കുമാർ, വിജയരാഘവൻ എന്നിവരാണ് പുതുമുഖങ്ങൾക്ക് താങ്ങും തണലുമായി അവതരിച്ച പ്രമുഖർ. അവസാനനിമിഷമെത്തി കൈയടികളത്രയും വാങ്ങിക്കൂട്ടാനായി സംവിധായകൻ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു . അയാൾ തന്*റെ ജോലി ഭംഗിയായി ചെയ്യുകയും ചെയ്തു. കോടതി മുറിക്കുള്ളിൽ ഉയർന്നുകേട്ട ചോദ്യങ്ങൾ അത്രയും ഇന്ന് ഏതൊരും സ്ത്രീയും ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്. ആ ചോദ്യങ്ങൾ ചോദിച്ചിടത്താണ് ക്വീനിന് പ്രസക്തിയേറുന്നത്.
(നല്ലവണ്ണം ചെത്തി മിനുക്കി എടുത്തിരുന്നെങ്കിൽ ക്വീൻ കല്ലുകടികളില്ലാത്ത സിനിമയായി മാറുമായിരുന്നു.)